അടച്ചിട്ട മുറിയിലെ താമസക്കാര് (ഒന്ന്)
ഇരുട്ടിന്റെ കാഠിന്യം ആ മുറിയിലുണ്ട് ..ആരോ അടക്കി പിടിച്ചു സംസാരിക്കുന്നു ...കുഷ് കുശു എന്നല്ലാതെ മറ്റൊന്നും കേള്ക്കാന് കഴിയുന്നില്ല ...പാതിരാവിലെ ഉറക്കത്തില് എന്തോ സ്വപ്ന ലോകത്ത് നിന്നും ഞാന് എഴുനേറ്റതാണ്..ആരോ വിളിച്ചുണര്ത്തും പോലെ ..
ഞാന് ശബ്ദം തേടി മെല്ലെ ആ ഭാഗത്തേക്ക് നടന്നു ..
എന്റെ കാല് പാദങ്ങള്ക്കു ശബ്ദമില്ലാതാക്കാന് ഞാന് പരമാവധി ശ്രമിച്ചു ...
എന്നിട്ടും ആ കാര്പെറ്റിന് തൂവല് സ്പര്ശം അവര് തിരിച്ചരിഞ്ഞുവോ ...?
ഞാന് ഇളകാതെ നിന്നു..പിന്നെ കുറച്ചു നേരത്തെ നിശബ്ദത എന്നെയും ഭയപ്പെടുത്തി ..മൂത്രം ഒഴിക്കണം എങ്കിലും ഞാന് പുറം വാതില് തുറക്കണം ..പുറത്തു കൂരിരുട്ടു ..കയ്യൊന്നു അമര്ത്തിയാല് വെളിച്ചം കിട്ടും എന്നിട്ടും ...!!!
ജിക്ഞ്ഞാസ എന്നെ വലയം ചെയിതിരിക്കുകയാണ് ...എന്റെ നിശ്വാസങ്ങള് പോലും ഞാന് അമര്ത്തി പിടിച്ചു ...അപ്പോള് വീണ്ടും കേള്ക്കാം ആ ശബ്ദം ...
ആ അടച്ചിട്ട മുറിക്കുള്ളില് നിന്നുമാണ് ..എന്റെ വാടക വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുറി ..അത് തുറക്കരുതെന്ന് വിലക്കിയതാണ് അദ്ദേഹം ...എന്നിട്ടും ഞാന് തുറന്നു മറ്റൊന്നിനും അല്ല ..അവിടെ വൃത്തിയായി സൂക്ഷിക്കാം എന്ന് കരുതി ..
അടച്ചിട്ട ആമുറിക്കുള്ളില് പൊടിയെല്ലാം അടിച്ചു വൃത്തിയാക്കി ..വെള്ളമൊഴിച്ച് കഴുകി ..അന്നത്തെ മഗ്രിബ് (സന്ധ്യാ നേരത്തെ പ്രാര്ത്ഥന ) നമസ്കാരം അവിടെ വെച്ച് തന്നെയാക്കി ...നിസ്കാര പായയില് ഇരുന്നു വിശുദ്ധ ഖുറാന് പാരായണം ചെയ്യവേ ഞാന് അറിയാതെ മുറിയോന്നു കൂടി നോക്കി ..
അപ്പോഴാണ് അത് കണ്ടത് ...
തറയില് ചുമരിനോട് ചേര്ന്ന ഭാഗത്ത് ആണികള് തറച്ചിരിക്കുന്നു ..ഓഹ് ..അത് പക്ഷെ മുന്നേ താമസിച്ചിരുന്ന ബംഗാളികള് തറച്ചതാവും ..പക്ഷെ മുറിക്കുള്ളില് നാല് ഭാഗവും ഓരോ അടി വീതം അകലത്തില് ഉണ്ട് അത് ....
എന്റെ ശരീരത്തില് നിന്നും പെട്ടെന്ന് ഒരു പ്രകാശം പോലെ ഒന്ന് തലച്ചോറിലെത്തി..ഒരു വിറയലും ..
ഈ മുറിക്കുള്ളില് എന്തെങ്കിലും പ്രത്യേകത ഉണ്ടോ ..അതായിരിക്കും കണ്ണ് കൂടി കാണാത്ത ആ വൃദ്ധനായ സാലം ഖല്ഫാന് പറഞ്ഞത് ..
"നിനക്ക് താമസിക്കാം അവിടെ..നിന്റെ വീട് പോലെ കഴിയാം ..വാടക എനിക്ക് വിഷയമല്ല ..എന്നാല് അവിടെ മദ്യം കഴിക്കരുത് ..അനാശാസ്യങ്ങള് പാടില്ല ...പടിഞ്ഞാറ് ഭാഗത്തെ മുറി നീ തുറക്കരുത് ..അത് അടഞ്ഞു തന്നെ കിടന്നോട്ടെ .."
അന്നത്തെ നമസ്കാര ശേഷം ഞാന് അവിടെ നിസ്കരിച്ചില്ല
മോന് ചോദിച്ചു ...
"എന്തെ ഉപ്പ അവിടെ നിസ്കരിക്കാതെ മുറിയില് തന്നെ നിസ്കരിക്കുന്നെ"
"ഒന്നുമില്ല ..ആ മുറി നമുക്ക് വാടകയ്ക്ക് തന്നിട്ടില്ല "
മറ്റൊരു ദിവസം ഞാന് ഓഫീസില് നിന്നും വന്നപ്പോള് മോന് പറഞ്ഞു
"ഉപ്പാ അവിടെ ആരോ ഉണ്ട് "
'എവിടെ ..?"
നമ്മുടെ അടച്ചിട്ട മുറിയില് .."
ഞാന് ഒന്ന് ചിരിച്ചു .."അതെങ്ങിനാ മോനെ അടച്ചിട്ട മുറിയില് ആളുണ്ടാവുക ?"
"അത്ക്കരീല്ല ..ഞാന് പഠിക്കുമ്പോ കേട്ട് സംസാരിക്കണേ ശബ്ദം .."
"ആര് സംസാരിക്കണേ ശബ്ദം .."
"ഉമ്മാട് പറഞ്ഞി ..ഉമ്മ പേടിച്ചു അകത്തിരിക്ക്നു...ഉപ്പ ബെല്ലടിച്ചപ്പോള് പേടിച്ചാ വാതില് തുറന്നെ .."
സത്യമായിരുന്നു .ഭാര്യ ആകെ വിഷമിചിരിക്കുന്നു ..ഞാന് അവരെ സമാധാനിപ്പിച്ചു ..അന്ന് എനിക്ക് ഉറക്കം വന്നില്ല ..ആ ആണികളും അവിടെ കേട്ട ശബ്ദവും എനിക്ക് മനസ്സില് പല ചിന്തകളും ഉണ്ടാക്കി ..
പിറ്റേന്ന് വന്നപ്പോഴും അതെ വിവരണം ..
"ഇപ്പാ ..ഇന്ന് സംസാരം ഇല്ല പക്ഷെ ചെരുപ്പിന്റെ ശബ്ദം ..ഞാന് ഉമ്മാട് പറഞ്ഞി ..അപ്പോള് ഉമ്മയും വന്നു നോക്കി .അപ്പോള് ശബ്ദം ഇല്ലാണ്ടായി .."
ഞാന് വാതില് തുറന്നു നോക്കി ..ഇല്ല ഒന്നുമില്ല ..ഒരു അടയാളവും ഇല്ലാ എന്നുറപ്പ് വരുത്തി മകനെ വിളിച്ചു .ആദ്യം അവന് വന്നില്ല ..പിന്നെ എന്റെ ധൈര്യം അവനെ അങ്ങോട്ട് വരുത്തി .അവന്റെയും ഭാര്യയുടെയും മനസ്സില് നിന്നും ഭീതി മാറ്റുകയാണ് ലക്ഷ്യം ..അവളെ വിളിച്ചെങ്കിലും ഭയന്ന് വിറച്ചു നില്ക്കുന്ന അവള് വന്നില്ല ..
ഞാന് പിറ്റേന്ന് എന്റെ സ്നേഹിതനും ഒരു പണ്ഡിതനുമായ സുഹുര്തിനെ ഈ വിവരം അറിയിച്ചു ..അദ്ദേഹം കുടുംബ സമേതം അവിടെ വന്നു ..
കുടുംബങ്ങള് സംസാരിച്ചു കൊണ്ടിരിക്കെ എന്നെയും കൂട്ടി അദ്ദേഹം ആ മുറിക്കുള്ളിലെത്തി ..എന്തൊക്കെയോ ചെല്ലി കൊണ്ടിരുന്നു ..പിന്നെ വുദൂ എടുത്തു (അംഗ ശുദ്ധി) നിസ്കാരപായ ചോദിച്ചു ..അവിടെ നിന്നവര് നമസ്കരിച്ചു ..
നിസ്കാരാനന്തരം എന്നെ അരികെ വിളിച്ചു ..
"അബ്ദു ..ഇനി ഈ മുറി തുറക്കരുത് .."
"എന്തെ .."
"ഒന്നുമില്ല ..മക്കള് ചെറുപ്പമല്ലേ ..പിന്നെ നീ ഓഫീസില് പോയാല് അവര് ഒറ്റക്കല്ലേ ..അത് കൊണ്ട് ഈ വീട് മാറാന് കഴിയുമെങ്കില് മാറണം ..അടുത്തെങ്ങാന് മലയാളികള് താമസിക്കുന്ന വീട് നോക്കി മാറിയാല് മതി "
അദ്ദേഹം തന്നെ ആ മുറിയുടെ വാതിലടച്ചു ..അത് കഴിഞ്ഞ ശേഷം പിന്നെ ഞാന് തുറന്നിട്ടില്ല ...
മക്കള് പിന്നെ ഒരു ശബ്ദവും അവിടെ നിന്നും കേട്ടിട്ടില്ല ..
പക്ഷെ ..ഞാനിപ്പോള് കേട്ട് കൊണ്ടിരിക്കുന്നു ...തേങ്ങലുകളും ഞരക്കങ്ങളും ...വേദന നിറഞ്ഞ വിളികളും ..!!
ഇന്നത്തെ രാത്രി അവരൊന്നും കേട്ടിട്ടുണ്ടാവില്ല .. അവര് കേള്ക്കാതിരിക്കട്ടെ എന്ന് പ്രാര്ഥിച്ചു ..അറബിഭാഷ ആണ് സംസാരം .എന്നാല് ഇവിടത്തുകാരുടെ ഭാഷയല്ല ..
ആദിവാസി ഭാഷയാണ് ..ബദുക്കളുടെ സംസാര ഭാഷയും എനിക്ക് മനസ്സിലാകും ..ഇത് അതുമല്ല..ഞാന് ശ്രവിക്കാന് ശ്രമിച്ചു ..പക്ഷെ ഒന്നും വ്യക്തമല്ല ..
ശ്വാസം വിടുന്ന ശബ്ദം ..ഇടയ്ക്കു കരയുന്ന ശബ്ദം ..പിന്നെ തേങ്ങലുകള് ..ഞാന് ചലനം നഷ്ട്ടപ്പെട്ടവനെ പോല് നിന്നു ..മനസ്സില് ആധിയായി ...
എന്റെ സാമീപ്യം അവരരിഞ്ഞാലോ ..മൂത്രമൊഴിക്കാന് വന്ന ഞാന് നില്ക്കുന്ന ഈ നില്പ്പില് ഒഴിച്ച് പോകും ..
അത്രയധികമുണ്ട് ..ഇപ്പോള് ഈ പേടി കൂടിയായപ്പോള് പറയുകയും വേണ്ട
ഖലീഫ ഹസ്സന് ഈ വീട് കാണിച്ചു തന്നപ്പോള് കൂടെ ഉള്ള ഹുമൂദ് പറഞ്ഞതാ ..
"അന്ത മജ്നൂന് ..ലൈഷ് ഹാദാ മനസില് ..? മാ ഹസല് താനി ..?"
(നീ ഭ്രാന്തനാ ..എന്തിനാ ആ വീട് ..വേറെ കിട്ടില്ലേ നിനക്ക് ..?)
“ആ വീട് ജിന്നുകളുടെ കൂടാരമാണ് ..അവിടെ ആരും താമസിക്കാറില്ല..”എന്ന്
എന്നാല് പെട്ടെന്നുള്ള സ്ഥലമാറ്റവും ഭാര്യയുടെ പ്രസവവും കഴിഞ്ഞു നിത്യവും ഉള്ള ദൂര യാത്ര എന്നെ മടുപ്പിച്ചിരുന്നു. .
കൂടാതെ ആ കാലത്തെ ശമ്പളം എന്റെ ബജറ്റിനു അനുസരിച്ചല്ലേ പറ്റൂ .അതിനാല് ഓഫീസിനടുത്തുള്ള വീടുകള് എന്റെ ബജറ്റിനു ചോര്ച്ചയുണ്ടാക്കുമെന്നു ഞാന് ഭയന്നു ..അത് കൊണ്ടാണ് കുറച്ചു അകലം ഉണ്ടെങ്കിലും ഇത് മതി എന്ന് കരുതിയത്..
നാല് മുറികളും വിശാലമായ അടുക്കളയും മിറ്റവും ഉണ്ട് ..ബാത്രൂം മാത്രം പുറത്തു ആണെന്ന് മാത്രം ..
സ്നേഹിതന്മാര്ക്കും ഇഷ്ട്ടപ്പെട്ടു ..അങ്ങിനെയാണ് വീടെടുത്തതും ബര്ക്കത്ത് അല് മൌസ് എന്ന സ്ഥലത്തുനിന്നും പറിച്ചു നടപ്പെട്ടതും ..
സത്യം പറഞ്ഞാല് ആദ്യ കാലത്ത് ജിന്നുകളെ കാണണമെന്ന മോഹം ഉണ്ടായിരുന്നു അത് കൊണ്ടാണ് ആ അടച്ചിടപ്പെട്ട മുറി തുറക്കാന് തോന്നിയതും അവിടെ വൃത്തിയാക്കിയതും അവിടെ നിസ്കാരവും പ്രാര്ഥനക്കും മറ്റും തിരഞ്ഞെടുത്തതും... പക്ഷെ ഇപ്പോള് അനുഭവിക്കാന് പോകുന്നു ..ഞാന് നിന്ന നില്പ്പില് അറിയാതെ ഉറങ്ങിപോയി ..എങ്ങിനെ ഉറങ്ങിയെന്നു അറിയില്ല ..കിടന്നില്ല പക്ഷെ നിന്നുറങ്ങുക..അതെങ്ങിനെ ..?
പക്ഷെ അത് സംഭവിച്ചു ..ഞാന് നേരം പുലര്ന്നപ്പോഴാണ് അറിയുന്നത് ..
ഞാന് അറിയാതെ ഉറങ്ങിപ്പോയത് അറിഞ്ഞത് എന്റെ മോന് എന്നെ വിളിച്ചപ്പോള് ആണ് ,
"ഹഹഹ് ..ഉപ്പാ ഇങ്ങള് എന്താ നിന്നുറങ്ങുന്നത് ..? ഓഫീസില് പോകാന് എണീറ്റതാണോ .?
“ങേ ..”
അപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായത് ..
'”ഹേയ് ..ഞാന് വെറുതെ ഇവിടെ നിന്നതാ ..”
എന്റെ മുഖത്തെ ഭാവ മാറ്റം അവനറിഞ്ഞുവോ..? അറിയില്ല ..പക്ഷെ അവന്റെ മുഖത്തു സംശയത്തിന്റെ ഭാവം ഞാന് കണ്ടു ..
പിന്നീട് എനിക്ക് എത്രയും വേഗം അവിടെ നിന്നും മാറണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ ..പല വീടുകളും നോക്കി ഒന്നും എനിക്ക് ബജറ്റിനു ചേരാത്തവയായിരുന്നു..
അലച്ചിലിനൊടുവില് ഒരു പഴയ വീട് കിട്ടി വീട് എന്ന് പറഞ്ഞു കൂടാ രണ്ടു മുറികള്...ഒരു വീഴാറായ പോട്ടോകാബിനും അടങ്ങിയ ഒരു ചെറിയ വില്ല..
തല്ക്കാലം അങ്ങോട്ട് മാറുക തന്നെ ..അല്ലാതെ മറ്റു മാര്ഗ്ഗമില്ല . മനസ്സമാധാനമില്ലാതെ എന്ത് ജീവിതം..?. .
മക്കളെയും ഭാര്യയേയും അവിടെയാക്കി ഓഫീസില് പോകാന് പേടി. അവരോടു ഈ കാര്യങ്ങള് ഒന്നും പറഞ്ഞിട്ടില്ല ..പറഞ്ഞാല് പിന്നെ ഒരു നിമിഷം അവര് അവിടെ നില്ക്കില്ല എന്നറിയാം ..
വീട് മാറും മുന്നേ വീട്ടുടമസ്ഥനെ കാണാന് പോയി ....കണ്ണ് കാണാത്ത ആ മനുഷ്യന് അയാളുടെ വീടിന്റെ മുന്നിലുള്ള ഖൈമയില് ഇരുന്നു ഈന്തപ്പന ഓല കൊണ്ട് കോട്ട നെയ്യുകയായിരുന്നു ...
ഞാന് സലാം പറഞ്ഞു ..
"അസ്സലാമു അലെഇകും "
"വ അലെഇകും സലാം ..കൈഫ് ഹാലക് യാ അബ്ദു ..?"
"അല്ഹംട് ലില്ലാഹ് "
അയാളുടെ കാണാത്ത കണ്ണുകളില് കരി മാഞ്ഞ കണ്ണുകള് ഇടത്തോട്ടും വലത്തോട്ടും മറിയുന്നത് ഞാന് കണ്ടു ...പിന്നെ ഒരു ദീര്ഘ ശ്വാസം വിട്ട ശേഷം എന്നോട് ചോദിച്ചു ..
"യാ അബ്ദു ..ലൈഷ് അന്ത ഇഫ്തഹ് ഹാദാ ബാബ് ..?"
(നീ എന്തിനാ വാതില് തുറന്നു ..?)
അയാളുടെ ആ ചോദ്യമെന്നെ വല്ലാതെ ആശ്ച്ചര്യമുണ്ടാക്കി ...കാരണം ആയാലോ അവരുടെ മക്കളോ ആ വീട്ടിലേക്കു ഇത് വരെ വന്നിട്ടില്ല ..പിന്നെ എങ്ങിനെ അയാളറിഞ്ഞു ..ഞാന് ചോദിച്ചു
"കൈഫ് ആരിഫ് അന്ത .?.മിന് ഖബറക് ..?"
(നിനക്കെങ്ങിനെ അറിയാം ..നിന്നോട് ആര് പറഞ്ഞു)
അയാള് വല്ലാത്ത ശബ്ദത്തില് ചിരിച്ചു ..ഹഹഹഹ
പല്ലുകള് പലതും പോയത് കൊണ്ടാവണം എനിക്ക് ആ ചിരി പേടിയുണ്ടാക്കി.
"യാ അബ്ദു ..അന മാ ശൂഫ് ദുനിയാ..ലാകിന് അന ആരിഫ് കുല്ലും "
(അബ്ദു ഞാന് ലോകം കാണാന് കഴിയാത്തവനാ പക്ഷെ എനിക്ക് എല്ലാം അറിയാം ) എത്രയും വേഗം കാര്യം പറഞ്ഞു അവിടെ നിന്നും വരാന് ഞാന് ആഗ്രഹിച്ചു .എന്നാല് അപ്പോഴേക്കും അയാളുടെ കുഞ്ഞു മകന് കാവയും ഈത്തപ്പഴവും കുറച്ചു നാരങ്ങയും മാങ്ങയുമായി വന്നു ..കൈ കഴുകാന് ഒരു കപ്പില് വെള്ളവും ..
കണ്ണ് കാണാത്ത ആവൃദ്ധന് എനിക്ക് കൃത്യമായി കാവ ഒഴിച്ച് തന്നു ..
കുഞ്ഞു കപ്പുകളില് വളരെ വ്യക്തമായി അയാള് കാവ ഒഴിച്ച് തന്നു ..
ഈത്ത പഴത്തോടൊപ്പം ഞാനത് കുടിക്കുമ്പോള് അയാള് ചോദിച്ചു ..
"മത്ത തഅയ്യിര് ബൈത് ..?"
(എപ്പോഴാണ് വീട് മാറുന്നത് ..?)
ഞാന് വീണ്ടും ആശ്ചര്യപ്പെട്ടു ...ഇയാളെങ്ങിനെ..?
എന്റെ മൂകത അയാള് വീണ്ടും ഭഞ്ജിച്ചു കൊണ്ട് അയാള് ചിരിക്കാന് തുടങ്ങി ..
അയാളുടെ ആചിരി എന്നെ വല്ലാതെ അലോസരപ്പെടുത്തി ..
ഞാന് പറഞ്ഞു
"കരീബ് ..കരീബ് ..ഇന്ഷാ അല്ലഹ്" (അടുത്തു അടുത്തു ഇന്ഷാ അല്ലാഹ് )
എന്റെ കൂടെ വന്ന അറബി ഡ്രൈവര് ഹുമൂദ് ആ വീട്ടിലേക്കു വന്നിരുന്നില്ല ...ഞാന് അവനെ കൂടെ വിളിച്ചെങ്കിലും അവന് വരാന് കൂട്ടാക്കിയില്ല ..അതിന്റെ പൊരുള് പിന്നീടാണ് എനിക്ക് മനസ്സിലായത്
